Pastors
Message
ആറു ദശാബ്ദങ്ങളുടെ ആത്മീയ യാത്ര
പാസ്റ്റർ ഏബ്രഹാം വർഗീസ്
ദൈവത്തിന്റെ അളവില്ലാത്ത കൃപയിലും അനന്തമായ കരുണയിലും ആശ്രയിച്ചുകൊണ്ട്, 60 വർഷങ്ങളുടെ ആത്മീയ യാത്ര പൂർത്തിയാക്കുന്ന IPC PCK സഭയുടെ ഈ വാർഷിക സന്ദർഭത്തിൽ നന്ദിയോടും സ്തോത്രത്തോടും കൂടി ഞാൻ ദൈവത്തെ മഹത്വപ്പെടുത്തുന്നു.
1966 ജനുവരി മാസത്തിൽ 13 പേർ ചേർന്ന് പ്രാർത്ഥിച്ച് ആരംഭിച്ച ചെറിയ കൂട്ടായ്മ. വിശ്വാസത്തിന്റെ നല്ലവിത്തുകൾ ഈ പ്രവാസ ഭൂമിയിൽ നട്ടുപിടിപ്പിക്കുകയായിരുന്നു. കാലാകാലങ്ങളിൽ ദൈവത്താൽ നിയോഗിക്കപ്പെട്ട കർത്തൃദാസന്മാരുടെയും വിശ്വാസികളുടെയും അർപ്പണബോധവും, പ്രാർത്ഥനാപൂർണ്ണമായ ക്രിസ്തീയ ജീവിതവും, അടിയുറച്ച വിശ്വാസവും, ദൈവിക ആശ്രയവും ഇന്നിവിടെ കാണുന്ന ഫലസമൃദ്ധിക്ക് കാരണമായി തീർന്നു എന്നത് സന്തോഷത്തോടെ സ്മരിക്കുന്നു.
ആ ഗണത്തിൽ ഒരു കണ്ണിയായി ഈ സഭയുടെ ശുശ്രൂഷകനായി കർത്താവിനെ സേവിക്കാൻ എനിക്കും കുടുംബമായി അവസരം ലഭിച്ചതിൽ ദൈവത്തിന് സ്തോത്രം ചെയ്യുന്നു. “ഞാൻ നട്ടു, അപ്പല്ലോസ് നനച്ചു, ദൈവമത്രെ വളരുമാറാക്കിയത്” (1 കൊരിന്ത്യർ 3:6) എന്ന വചനം പോലെ ദൈവം തന്നെയാണ് ഈ സഭയെ കാലങ്ങളിലൂടെ വളർത്തി ശക്തിപ്പെടുത്തി കുവൈറ്റിലെ ഏറ്റവും വലിയ പ്രാദേശിക പെന്തക്കോസ്ത് സഭയായി നിലനിർത്തിയിരിക്കുന്നത്.
അനവധി ത്യാഗങ്ങളുടെയും, കണ്ണുനീരിന്റെയും, അത്ഭുതങ്ങളുടെയും സാക്ഷ്യമാണ് ഈ യാത്ര. അനിശ്ചിതത്വങ്ങളുടെയും, പരീക്ഷകളുടെയും, വെല്ലുവിളികളുടെയും നടുവിൽ “യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കിൽ” (സങ്കീർത്തനം 124:1) എന്ന് സങ്കീർത്തനക്കാരൻ സ്മരിക്കുന്നതുപോലെ ദൈവം കൂടെയിരുന്ന അനുഭവങ്ങളുടെ ചരിത്രമാണ് സഭയുടെ ചരിത്രം.
ദൈവവചനത്തിൽ അടിയുറച്ച്, സ്നേഹത്തിലും, ഐക്യത്തിലും വളർന്ന നമ്മുടെ സഭ ആരാധനയിലും ശുശ്രൂഷയിലും, പ്രേക്ഷിത പ്രവർത്തനത്തിലും, ജീവകാരുണ്യ പ്രവർത്തനത്തിലും, മാതൃകയായി നിലകൊള്ളുന്നു.
വരും തലമുറയ്ക്ക് വിശ്വാസ ജീവിതം, വചന സ്നേഹം, ദൈവഭയം എന്നിവ കൈമാറേണ്ട വലിയ ഉത്തരവാദിത്വവും ഈ വാർഷികം നമ്മെ ഓർമ്മിപ്പിക്കുന്നു. പരിശുദ്ധാത്മാവിന്റെയും, മായം ചേർക്കപ്പെടാത്ത സത്യവചനത്തിന്റെയും പ്രബോധനത്തിൽ ഉറച്ചു നിൽക്കുന്ന, പ്രാർത്ഥനയിൽ ശക്തരായ, ദൈവകൃപയിൽ വിനയമുള്ള, ആത്മനിറവിൽ ആരാധിക്കുന്ന വിശ്വാസികൾ വർദ്ധിക്കുമ്പോഴാണ് സഭയുടെ ഭാവി അനുഗ്രഹപൂർണ്ണമാകുന്നത്.
സഭയുടെ ശക്തി പരിശുദ്ധാത്മാവിന്റെ ശക്തിയാണ്. കൃപയുടെയും ആത്മാവിന്റെയും പുതുക്കത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
സഭയുടെ ആത്യന്തിക ലക്ഷ്യം സഭാനാഥനായ യേശുക്രിസ്തുവിന്റെ പുനരാഗമനമാണ്. കൃപായുഗത്തിന്റെ അന്ത്യത്തിൽ വന്നു നിൽക്കുന്ന നമ്മുടെ ദൗത്യം വിലയേറിയതാണ്. “നിങ്ങളിൽ നല്ല പ്രവർത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും” (ഫിലിപ്പിയർ 1:6) എന്ന വാഗ്ദത്തത്തിൽ ആശ്രയിച്ച് നമ്മുടെ സഭയുടെ ഭാവി ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു.
കൃപയിൽ പെരുകുന്ന, വിശ്വാസത്തിൽ നിലനിൽക്കുന്ന, ക്രൂശിനെ സാക്ഷിക്കുന്ന, കർത്താവിന്റെ വരവിനായി വിശുദ്ധിയോടെ ഒരുങ്ങുന്ന ഒരു സഭയായി നമ്മുടെ യാത്ര തുടർന്നും ദൈവത്തിന്റെ മഹത്വത്തിനായി ഉപയോഗിക്കപ്പെടുമാറാകട്ടെ.